കണ്ണൂർ: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ പയ്യന്നൂർ, തളിപ്പറന്പ് മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികളായ വി. കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും.
ഇടതുപക്ഷം നേരിടുന്ന അപചയത്തിന്റെ ഭാഗമായാണു വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും വേദിയിലെത്തിയതെന്നു രാഹുൽ ഗാന്ധി പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടിയിലെ അപചയമാണ് താൻ പാർട്ടി വിടാൻ കാരണമെന്നു വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. പാർട്ടി വിട്ടതോടെ തന്നെ പരിഹസിക്കുന്നവർക്കുള്ള മറുപടിയാണ് സിപിഎമ്മിന്റെ എംപിമാർ. യുഡിഎഫ് വേദി പങ്കിട്ടതിനു തന്നെ പരിഹസിക്കുന്ന സിപിഎമ്മുകാർ രാജ്യത്ത് നാല് എംപിമാരെ ഉണ്ടാക്കിയത് കോൺഗ്രസിന്റെ കൂടെ പിന്തുണയിലാണെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
താൻ പഠിച്ചതും പഠിപ്പിച്ചതുമായി കമ്യൂണിസ്റ്റ് രീതികളിൽനിന്നു മാറി സിപിഎമ്മിൽ അധികാരം കുടുംബാധിപത്യത്തിലേക്കു പോകുന്നതിൽ പ്രതിഷേധിച്ചാണു താൻ പാർട്ടി വിട്ടതെന്നു തളിപ്പറന്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന മുൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദൻ പറഞ്ഞു.
15 വർഷമായി തളിപ്പറന്പിൽ എംഎൽഎയായ വ്യക്തിക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നു വ്യക്തമായപ്പോൾ ഭാര്യയെ സ്ഥാനാർഥിയാക്കി. മറ്റൊരാൾ ഇവിടെ എംഎൽഎ ആയാൽ കഴിഞ്ഞ 15 വർഷമായി ജനങ്ങളിൽനിന്നു മറച്ചു വയ്ക്കേണ്ടി വന്ന പലതും പുറംലോകം അറിയുമെന്നതിനാലാണ് ഭാര്യയെ സ്ഥാനാർഥിയാക്കിയത്.
തന്നെ പാർലമെന്ററി വ്യാമോഹിയെന്നു പറഞ്ഞ് പരിഹസിക്കുന്നവർ ഭർത്താവിനെ പകരം ഭാര്യ മത്സരിക്കുന്നത് പാർലമെന്ററി വ്യാമോഹമാണോ അല്ലയോ എന്ന് വ്യക്തമാക്കണമെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.
വേദിയിൽ വച്ച് കെ. സുധാകരൻ എംപി ടി.കെ. ഗോവിന്ദൻ, വി.കുഞ്ഞികൃഷ്ണൻ എന്നിവരെ കൈകൾ പിടിച്ചുയർത്തിയാണ് സദസിന് പരിചയപ്പെടുത്തിയത്.